കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം കർണാടക പ്രവാസി കോൺഗ്രസിൻ്റെ (KPC) ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 18-ന് സംഘടിപ്പിച്ച അനുസ്മരണവും പൊതുയോഗവും നിരവധി പ്രവാസി മലയാളികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി.

ബൈരതി, കൊത്തന്നൂരിലെ എമറാൾഡ് ഗ്രാൻഡ് ഹോട്ടലിൽ വൈകുന്നേരം 7.00 മണിക്ക് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹത്തിൻ്റെ ജനസേവനവും രാഷ്ട്രീയ ജീവിതത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങളും അനുസ്മരിച്ചു.

പരിപാടിയുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റുകളുടെ വിതരണവും നടന്നു. ചടങ്ങിൻ്റെ ഏകോപനം കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് നിർവ്വഹിച്ചു.

യോഗത്തിന് ഷാജൻ കെ. ജോസഫ് സ്വാഗതം ആശംസിച്ചു. തുടർന്ന് വിനു തോമസ്, ശ്രീനിവാസ്, സന്തോഷ്, സുമേഷ്, സോമരാജൻ, സിന്റോ, സുമോജ് എന്നിവർ ഉമ്മൻചാണ്ടിയുടെ ജനകീയ നേതൃത്വവും ജനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ആത്മബന്ധവും അനുസ്മരിച്ച് സംസാരിച്ചു.

അനുസ്മരണ സമ്മേളനത്തിന് ശേഷം അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ‘ഗാനസന്ധ്യ’ പരിപാടി സദസിന് വേറിട്ട അനുഭവമായി. പ്രശാന്ത്, അനീഷ്, ബെന്നി, ഗിരീഷ്, സുഭാഷ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ പരിപാടിക്ക് സംഗീതമാധുര്യം പകർന്നു.

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ ഉമ്മൻചാണ്ടിയുടെ സ്മരണകൾ പുതുക്കിക്കൊണ്ട്, സാമൂഹിക പ്രതിബദ്ധതയും കൂട്ടായ്മയുടെ സന്ദേശവും ഉയർത്തിപ്പിടിച്ച അനുസ്മരണ സമ്മേളനമായി പരിപാടി മാറി.

Related Posts