കർണാടകയിലെ യാഡ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റൻ്റായ അഞ്ജലി ഗിരീഷ് കാമ്പനൂർ ആണ് കൊല്ലപ്പെട്ടത്. അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കാമ്പനൂരിനെ മൂന്നുവർഷം മുൻപ് ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിൻ്റെ കേസ് മുന്നോട്ടുപോകുന്നതിനിടെയാണ് അഞ്ജലി കൂടി കൊല്ലപ്പെട്ടത്. രണ്ടുവർഷം മുൻപാണ് ഇവർ സർക്കാർ ജോലിയിൽ പ്രവേശിച്ചത്. മുൻമന്ത്രി സി.ഗുരുനാഥിൻ്റെ ബന്ധു കൂടിയാണ് അഞ്ജലി.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഡ്രൈവർ ഉടൻതന്നെ യിംസ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെ അഞ്ജലിയുടെ കാർ നാലംഗസംഘം ഗ്രീൻസിറ്റിക്ക് സമീപത്തുവെച്ച് തടഞ്ഞു അക്രമികൾ അഞ്ജലിയുടെ മുഖത്തും കൈകളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകയായിരുന്ന അഞ്ജലി ഷഹാബാദ് സിറ്റി മുനിസിപ്പൽ കൗൺസിലിലെ മുൻ ചെയർപേഴ്സൺ ആയിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം.
കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയതർക്കങ്ങളുണ്ടെന്നും പോലീസ് കരുതുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നാലുപേർക്ക് പുറമേ ഒട്ടേറെപേർക്ക് ഇതിൻ്റെ ഗൂഢാലോചനയിൽ പങ്കുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. 2022-ലാണ് അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കൊല്ലപ്പെട്ടത്. 2020-ൽ ഭർതൃസഹോദരനായ സതീഷും കൊല്ലപ്പെട്ടിരുന്നു.