മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച കപ്പൽ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട അവകാശവാദം ടാറ്റ ഗ്രൂപ്പ് നിഷേധിച്ചു. കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തിലോ നിലവിൽ കപ്പൽ നിർമ്മാണശാല സ്ഥാപിക്കാൻ നിക്ഷേപ പദ്ധതി പരിഗണിക്കുന്നില്ലെന്ന് ടാറ്റ വ്യക്തമാക്കി.
കേരളത്തെ സമുദ്രാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി, വിഴിഞ്ഞം തുറമുഖത്തിന് പിന്നാലെ കപ്പൽ നിർമ്മാണശാലയ്ക്കായി ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
എന്നാൽ, അത്തരമൊരു നിക്ഷേപ നിർദേശം ടാറ്റ ഗ്രൂപ്പ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പരാമർശം തങ്ങളെ അമ്പരപ്പിച്ചതായും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ കപ്പൽ നിർമ്മാണ മേഖലയിലേക്ക് പുതിയ നിക്ഷേപ പദ്ധതികളൊന്നും കമ്പനിയുടെ പരിഗണനയിലില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.