വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കർണാടകയിൽ സുരക്ഷിതരായി കണ്ടെത്തി. ഷൊർണൂർ പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘം മൈസൂരുവിന് സമീപമുള്ള ചാമരാജ്നഗറിൽ നിന്നാണ് കുടുംബത്തെ കണ്ടെത്തിയത്. അവിടെ വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇവർ.
ജൂലൈ 9 മുതൽ കാണാതായിരുന്ന വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്. ചാമരാജ്നഗറിൽ കുടുംബം എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സാങ്കേതിക തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിജയത്തിലെത്തിയത്. അന്വേഷണത്തിനായി ബാബു ഭാസ്കറിൻ്റെ മൂത്തമകൻ വൈശാഖും പൊലീസ് സംഘത്തിനൊപ്പം കർണാടകയിലെത്തിയിരുന്നു.
സ്വന്തം പിക്കപ്പ് വാഹനത്തിൽ വീടുവിട്ട കുടുംബത്തിൻ്റെ വാഹനം പിന്നീട് മലപ്പുറം ജില്ലയിലെ വഴിക്കാട് ചുരം മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ അന്വേഷണം കൂടുതൽ സങ്കീർണമായിരുന്നെങ്കിലും വാഹനത്തിൻ്റെ സഞ്ചാരപാതയും മറ്റ് ഡിജിറ്റൽ തെളിവുകളും പിന്തുടർന്നാണ് ഒടുവിൽ കുടുംബത്തെ കണ്ടെത്താനായത്.