അത്യന്തം ആവേശകരമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കി നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പ് ഫൈനലിലേക്ക്. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യ ലീഡ് നേടിയ ഇംഗ്ലണ്ടിനെ അവസാന നിമിഷങ്ങളിലെ ഇരട്ടഗോൾ തിരിച്ചുവരവിലൂടെയാണ് അർജന്റീന മറികടന്നത്.
ആദ്യ പകുതിയിൽ ഇംഗ്ലണ്ടായിരുന്നു കൂടുതൽ ആധിപത്യം പുലർത്തിയത്. ഇരുടീമുകളും കടുത്ത ഫൗളുകളുമായി കളം ചൂടുപിടിപ്പിച്ചപ്പോൾ താരങ്ങൾ തമ്മിൽ പലവട്ടം വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായി. 23-ാം മിനിറ്റുവരെ വ്യക്തമായ ഗോൾ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാനായില്ല. 32-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിനെ എൻസോ ഫെർണാണ്ടസ് ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് ഇംഗ്ലണ്ട് അപകടം സൃഷ്ടിച്ചെങ്കിലും ജോൺ സ്റ്റോൺസിൻ്റെ ഹെഡർ ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയിൽ ആക്രമണവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 55-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ഡെക്ലാൻ റൈസിൻ്റെ പാസിൽ നിന്ന് മോർഗൻ റോജേഴ്സ് നൽകിയ ക്രോസ് ആന്തണി ഗോർഡൻ വലയിലെത്തിച്ച് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഗോൾ വഴങ്ങിയതിന് പിന്നാലെ അർജന്റീന ആക്രമണം ശക്തമാക്കി. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ തുടർച്ചയായി ഇംഗ്ലീഷ് പ്രതിരോധത്തെ സമ്മർദ്ദത്തിലാഴ്ത്തിയ അർജന്റീനയ്ക്ക് 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് സമനില ഗോൾ സമ്മാനിച്ചു.
മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചിരിക്കെ ഇൻജുറി ടൈമിൻ്റെ രണ്ടാം മിനിറ്റിൽ മെസ്സിയുടെ കൃത്യമായ ക്രോസിൽ പകരക്കാരൻ ലൗതാരോ മാർട്ടിനസ് ഉയർന്ന് ചാടി നേടിയ ഹെഡർ ഇംഗ്ലണ്ടിൻ്റെ സ്വപ്നങ്ങൾ തകർത്തു. 90+2-ാം മിനിറ്റിലെ ആ ഗോളോടെ അർജന്റീന 2-1ന് മുന്നിലെത്തുകയും ഫൈനൽ വിസിലോടെ കലാശപ്പോരിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.
തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലെത്തുന്ന അർജന്റീന, ജൂലൈ 20 പുലർച്ചെ നടക്കുന്ന ഫൈനലിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ നേരിടും. ഇംഗ്ലണ്ടിന് ഇനി മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടമാണ് ബാക്കി.