ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കാണാന്‍ പാകിസ്താന്‍റെ ജേഴ്‌സി ധരിച്ചെത്തിയ പാക് വംശജനോട് ജേഴ്‌സി മറയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഓള്‍ഡ് ട്രാഫഡില്‍ നടന്ന മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്‍റെ അഞ്ചാം ദിവസത്തെ മത്സരത്തിനു മുമ്പാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.
സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് ജനാബി അലി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി പകര്‍ത്തിയ സെല്‍ഫി വീഡിയോയാണ്. പാക് ജേഴ്‌സി ധരിച്ചെത്തിയ ഇദ്ദേഹത്തോട് ജേഴ്‌സി മറയ്ക്കുകയോ മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യം സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് എത്തിയത്.
ലങ്കാഷെയറിന്‍റെയോ ഇംഗ്ലണ്ട് ദേശീയ ടീമിന്റെയോ സന്ദര്‍ശക ടീമിന്‍റെയോ പതാകകളോ ജേഴ്‌സികളോ ബാനറുകളോ മാത്രമേ ഇവിടെ മത്സരം കാണാന്‍ എത്തുന്നവര്‍ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്. കൗണ്ടി ക്ലബ്ബായ ലങ്കാഷെയറിന്‍റെ ഹോം ഗ്രൗണ്ടാണ് ഓള്‍ഡ് ട്രാഫഡ്. ഇക്കാര്യം വ്യക്തമായി പ്രവേശന നിയമങ്ങളില്‍ എഴുതിയിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇത് പാക് വംശജനെ അറിയിക്കുകയും ചെയ്തു. ഇത്തരം നിബന്ധന പ്രിന്‍റ് എടുത്ത് തനിക്ക് നല്‍കണമെന്നായിരുന്നു ജനാബി അലിയുടെ ആവശ്യം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും യുകെ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.