കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ചൈനയുടെ തലസ്ഥാന നഗരമായ ബെയ്‌ജിങ്ങിൽ 30 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടുകൂടി ബെയ്‌ജിങ്ങിൻ്റെ സമീപപ്രദേശങ്ങളിലടക്കം മഴക്കെടുതിയിലുണ്ടായ മരണം 34 ആയി. മിയുൻ ജില്ലയിൽ 28 പേരും യാങ്കിംഗ് ജില്ലയിൽ 2 പേരുമാണ് മരിച്ചത്. സമീപ പ്രദേശമായ ഹെയ്‌ബെയ് പ്രവിശ്യയിലെ ലുയാൻപിങ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത് തിങ്കളാഴ്‌ചയുണ്ടായ മണ്ണിടിച്ചിലിൽ 4 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 34 ആയി ഉയർന്നത്.

ബെയ്ജിങ്ങിൽ അർധരാത്രിയിലും കനത്ത മഴ തുടർന്നോടെ 80,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. മിയുൻ ജില്ലയിൽനിന്നുള്ളവരാണ് ഇതിൽ 17,000 പേർ. ആശയവിനിമയ സംവിധാനങ്ങൾ പ്രദേശത്ത് നിലച്ച സ്ഥിതിയാണുള്ളത്. ജലനിരപ്പ് മിയുണിലെ റിസർവയോറുകളിൽ ഉയർന്നതോടെ അധികൃതർ ജലം തുറന്നുവിട്ടു. റിസർവയോർ 1959-ൽ നിർമ്മിച്ചതിനുശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് ഇവിടെ രേഖപ്പെടുത്തിയത്.

Related Posts