മലയാളി നേഴ്സ് നിമിഷപ്രിയയുടെ കേസിൽ ചില വ്യക്തികൾ പങ്കിടുന്ന വിവരങ്ങൾ തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി വിവരം. യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യമനിലെ സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെടുന്നത്.
സനയിൽ നടന്ന ഉന്നതതലയോഗം താത്കാലികമായി നീട്ടിവച്ച വധശിക്ഷ റദ്ദാക്കാൻ തീരുമാനിച്ചെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മദ്ധ്യസ്ഥ ചർച്ചകളിൽ നിർണായക തീരുമാനമുണ്ടായെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസും അറിയിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീൾ തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമേ, നോർത്തേൺ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം.
കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ വധശിക്ഷയ്ക്ക് പുതിയ തീയതി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. നിമിഷപ്രിയയുടെ ജൂലായ് 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിന്‍റെ ഇടപെടലിനെ തുടർന്ന് നീട്ടിവച്ചിരുന്നു. രണ്ടാംഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.