നടൻ ജഗദീഷ് താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് പിന്മാറിയേക്കും. മമ്മൂട്ടിയുമായും മോഹൻലാലുമായും ജഗദീഷ് സംസാരിച്ചു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ ജഗദീഷ് ആലോചിക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കും. വനിത പ്രസിഡന്‍റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്‍റെ സാധ്യതയേറി. ഇന്നലെ നടി മല്ലിക സുകുമാരൻ താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയൻ മാറി നില്‍ക്കുകയാണ് വേണ്ടത്.
പല സംശയങ്ങൾക്കും ബാബുരാജ് മത്സരിച്ചാൽ ഇടവരും. മോഹൻലാല്‍ മടുത്തിട്ടാണ് അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിയത്. ചിലരുടെ ശീലമാണ് എല്ലാ പ്രശ്‍നങ്ങളിലും ലാലിന്‍റെ പേര് വലിചിഴക്കുന്നത്. മമൂട്ടിയോ ലാലോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് 6 മത്സരാർത്ഥികളാണുള്ളത്. ദേവൻ, ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്‍റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 5 പേരാണ് മത്സരിക്കുന്നത്. കുക്കു പരമേശ്വരന്‍, ബാബുരാജ്, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.