മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര അന്വേഷണം ആരംഭിച്ചു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സൗത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ഗതാഗത കമ്മീഷണർ ചുമതലപ്പെടുത്തി.
ലൈസൻസിലെ പേരിനൊപ്പം ചേർത്തിരിക്കുന്ന “MLA” എന്ന പദവി നീക്കം ചെയ്യാനും, ഗതാഗത വകുപ്പിൻ്റെ ഡാറ്റാബേസിലുള്ള വിവരങ്ങൾ ഉടൻ തിരുത്താനും ലൈസൻസിംഗ് അതോറിറ്റിക്ക് നിർദേശം നൽകും.
അതേസമയം, 18 വയസ് പൂർത്തിയാകുന്നതിന് മുമ്പ് ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ നിയമങ്ങൾ ലംഘിച്ച് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടക്കും.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞ ശേഷം നിയമാനുസൃത നടപടികൾ സ്വീകരിക്കാനാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഗതാഗത വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.