തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി കാസർഗോഡ് കാഞ്ഞങ്ങാട് മടിക്കൈയിൽ നിർമ്മിച്ചുവരുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (IIPD) പദ്ധതിയുടെ പ്രചാരണാർഥം ഗോപിനാഥ് മുതുകാടും സംഘവും അവതരിപ്പിച്ച ‘എം.ക്യൂബ്’ പരിപാടി ഇന്ദിരാനഗറിലെ ഇ.സി.എ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ അരങ്ങേറി.

കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്‌ഘാടനം ചെയ്തു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ്, കൺവീനർ രമ്യ ഹരികുമാർ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി.ഗോപിനാഥ്, വൈസ് പ്രസിഡണ്ട് ലൈല രാമചന്ദ്രൻ, സെക്രട്ടറി പി വി എൻ ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ തുടങ്ങിയവർ സംബന്ധിച്ചു.

ബെംഗളൂരു കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മാജിക്, സംഗീതം, മോട്ടിവേഷൻ എന്നിവ സമന്വയിപ്പിച്ച അവതരണത്തിലൂടെ ഐ.ഐ.പി.ഡി പദ്ധതിയുടെ ലക്ഷ്യങ്ങളും സാമൂഹിക പ്രസക്തിയും ഹൃദയസ്പർശിയായി പ്രേക്ഷകരിലേക്ക് എത്തിക്കാനായി. ഗോപിനാഥ് മുതുകാടിനൊപ്പം പിന്നണിഗായകരായ ആർ.രവിശങ്കർ, ചിത്ര അരുണ്‍, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവരും മികവുറ്റ സംഗീതാവതരണങ്ങളിലൂടെ പരിപാടിയെ സമ്പന്നമാക്കി

ഭിന്നശേഷിക്കാർക്കായി കാസർഗോഡിൽ നിർമ്മിച്ചുവരുന്ന ഐ.ഐ.പി.ഡി പദ്ധതിക്ക് ഏകദേശം 120 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കലാ-കായിക പരിശീലന കേന്ദ്രങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, വ്യക്തിഗത അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽപരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ഗവേഷണ-പരിശീലന സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പദ്ധതി ഇന്ത്യയിൽ ആദ്യമായി ഇത്രയും വിപുലമായ സൗകര്യങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന സംരംഭമാകും.

തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിൻ്റെ വിജയകരമായ മാതൃകയെ അടിസ്ഥാനമാക്കി വിപുലീകരിച്ച സംവിധാനങ്ങളോടെയാണ് കാഞ്ഞങ്ങാട് മടിക്കൈയിലെ 30 ഏക്കർ സ്ഥലത്ത് ഈ സ്ഥാപനം ഒരുങ്ങുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെയും ഭിന്നശേഷിക്കാർക്ക് പ്രതീക്ഷയും ആശ്രയവുമായ കേന്ദ്രമായി ഐ.ഐ.പി.ഡി. മാറും. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കായുള്ള സമഗ്ര സ്ഥാപനമെന്ന നേട്ടവും കൈവരും. മാജിക്കും സംഗീതവും കോർത്തിണക്കിയ അവതരണങ്ങൾക്കിടയിൽ ഗോപിനാഥ് മുതുകാട് പങ്കുവെച്ച ജീവിതാനുഭവങ്ങൾ സദസ്സിനെ ആഴത്തിൽ സ്പർശിച്ചു. മാന്ത്രികവിദ്യയുടെ ഉന്നതശിഖരങ്ങൾ കീഴടക്കിയിട്ടും, ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിൽ പ്രകാശം പകരാനായി ആ രംഗം വിട്ടിറങ്ങിയ തൻ്റെ തീരുമാനത്തെക്കുറിച്ചും അതിനോടനുബന്ധിച്ച കുടുംബാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം ഹൃദയസ്പർശിയായി പങ്കുവെച്ചു. സ്വന്തം അമ്മയുടെ കണ്ണീർ കാണേണ്ടിവന്നെങ്കിലും, അനേകം അമ്മമാരുടെ കണ്ണീർ ഒപ്പാൻ കഴിഞ്ഞതിൻ്റെ ആത്മസംതൃപ്തിയാണ് തൻ്റെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സദസ്സ് വികാരഭരിതമായി.
തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിലെ ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിതവും അവരുടെ അത്ഭുതകരമായ കഴിവുകളും പരിചയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകർ പലരും കണ്ണീരടക്കാനാവാതെ നിന്നു. ഒരിക്കൽ സമൂഹം അവഗണിച്ച കുട്ടികൾ സംഗീതത്തിലും ചിത്രകലയിലും മാജിക്കിലും വിവിധ കലാരംഗങ്ങളിലും അസാധാരണ മികവ് തെളിയിക്കുന്ന കാഴ്ചകൾ ഏവരെയും അത്ഭുതപ്പെടുത്തി.

വിസ്മയം തീർക്കുന്ന ഇന്ദ്രജാലപ്രകടനങ്ങളും മെന്റലിസം അവതരണങ്ങളും പ്രേക്ഷകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയ ഇന്ററാക്ടീവ് അവതരണങ്ങളും പരിപാടിയെ ആവേശഭരിതമാക്കി. അതോടൊപ്പം ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ സംഗീതോപകരണങ്ങളും മാജിക്കിൻ്റെ ബാലപാഠങ്ങളും അഭ്യസിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന ദൃശ്യങ്ങൾ പ്രത്യാശയുടെ സന്ദേശമായി മാറി.
പരിപാടിയുടെ അവസാനം ഐ.ഐ.പി.ഡി. പദ്ധതിക്കായുള്ള ധനശേഖരണത്തിന് പ്രേക്ഷകർ ഉദാരമായി കൈത്താങ്ങായി. നിരവധി പേർ തങ്ങളുടെ കഴിവിനൊത്ത സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ബെംഗളൂരു കേരള സമാജം ഭാരവാഹികളായ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന്, ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ നിന്ന് ഒരു കോടി രൂപ സമാഹരിച്ച് പദ്ധതിക്ക് നൽകാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത് സദസ്സിൻ്റെ കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്.
മനുഷ്യസ്നേഹവും കലയും സാമൂഹിക പ്രതിബദ്ധതയും ഒരേ വേദിയിൽ സംഗമിച്ച ‘എം.ക്യൂബ്’, പ്രേക്ഷകരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന അനുഭവമായി മാറി. ഭിന്നശേഷിക്കാരുടെ കഴിവുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഗോപിനാഥ് മുതുകാടിൻ്റെ ദീർഘദർശനത്തിന് ശക്തമായ ജനപിന്തുണ ലഭിച്ചതിൻ്റെ തെളിവുകൂടിയായി ഈ പരിപാടി മാറി.

Related Posts