മണ്ണാർക്കാട്ടെ അനുമോദന ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘വിജയോത്സവം’ പരിപാടിക്കിടെയാണ് വിവാദത്തിന് ഇടയായ സംഭവം. പരിപാടിയിൽ വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിപ്പിക്കുകയും, അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തെന്നാണ് പരാതി.

കുട്ടികളോട് “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ചതായും, വിലാസം തെറ്റായി എഴുതിയെന്ന് ആരോപിച്ച് ഒരു വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളിയതായും പരാതിയിൽ പറയുന്നു.

അതേസമയം, കുട്ടികളെ അപമാനിക്കുകയോ മാനസികമായി വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് കെ.ടി. ജലീലിൻ്റെ വിശദീകരണം. തൻ്റെ നടപടി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Related Posts