പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് സോനം വാങ്ചുക്കിൻ്റെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന നിരാഹാര സമരം 12-ാം ദിവസത്തിലേക്ക് കടന്നിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനം.
അതേസമയം, സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിയിരുന്ന എഐഎസ്എ വിദ്യാർഥി സംഘടനാ പ്രവർത്തകൻ ഹൃഷികേശിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. പാർലമെന്റ് മാർച്ചിൽ വിവിധ വിദ്യാർഥി, യുവജന, സാമൂഹിക സംഘടനകളുടെ പിന്തുണയും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.