സർക്കാർ പരിപാടികളിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നതിന് ഏകീകൃത പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തിൽ തമിഴ് ഭാഷയുടെ പാരമ്പര്യത്തിനും സംസ്കാരത്തിനും നൽകിയ പ്രാധാന്യം എടുത്തുപറഞ്ഞു. സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക പരിപാടികളിൽ സംസ്ഥാന ഗാനത്തിന് മുൻഗണന നൽകുന്നതിനുള്ള നടപടിക്രമമാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്.

അടുത്തിടെ മനോന്മണീയം സുന്ദരനാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദേശങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകൾക്കിടയിലുമാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.

Related Posts