കർണാടകയിൽ രണ്ടാംഘട്ട മന്ത്രിസഭാ വികസനം ഓഗസ്റ്റിന് മുമ്പ് പൂർത്തിയാകുമെന്ന സൂചന നൽകി ജലവിഭവ മന്ത്രി രാമലിംഗ റെഡ്ഡി. ഓഗസ്റ്റിൽ ആരംഭിക്കുന്ന വർഷകാല നിയമസഭാ സമ്മേളനത്തിന് മുമ്പായി പൂർണ മന്ത്രിസഭ നിലവിൽ വരുമെന്നാണ് പ്രതീക്ഷ.
34 അംഗ മന്ത്രിസഭ രൂപീകരിക്കാൻ ഭരണഘടനാപരമായി അനുമതിയുള്ള സാഹചര്യത്തിൽ, നിലവിൽ 13 മന്ത്രിമാർ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. അതിനാൽ 20-ലധികം ഒഴിവുകൾ ഇനിയും നികത്താനുണ്ട്.
മന്ത്രിസ്ഥാനത്തിനായി നിരവധി കോൺഗ്രസ് നേതാക്കൾ സജീവ ലോബിയിംഗിലാണ്. മതനേതാക്കളുടെ ശുപാർശ തേടിയും ഡൽഹിയിൽ തമ്പടിച്ചും ഹൈക്കമാൻഡിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ ഇത്തരം സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
ജൂൺ 3-നാണ് ഡി.കെ. ശിവകുമാർ 13 മന്ത്രിമാരോടൊപ്പം അധികാരമേറ്റത്. രണ്ടാംഘട്ട വികസനത്തിലൂടെ മേഖലാ-സാമുദായിക പ്രാതിനിധ്യവും പാർട്ടിയിലെ വിവിധ വിഭാഗങ്ങൾക്കിടയിലെ സന്തുലിതാവസ്ഥയും ഉറപ്പാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.