പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജൻ വ്യക്തമാക്കി. ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി നേരത്തേ തന്നെ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അതിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് ലഭിക്കണമെന്ന ആവശ്യം പാർട്ടി നേരത്തേ തന്നെ ഉന്നയിച്ചിരുന്നതാണെന്നും ആ നിലപാടിൽ മാറ്റം വരുത്താനോ വിട്ടുവീഴ്ച ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്നും കെ. രാജൻ ആവർത്തിച്ചു.
അതേസമയം, ഈ വിഷയത്തിൽ സിപിഐയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയത്തിൽ അനാവശ്യമായ വാശിപിടിക്കരുതെന്നും, മുന്നണി തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ എല്ലാ ഘടകകക്ഷികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നുമുള്ള അഭിപ്രായം സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചില നേതാക്കൾ മുന്നോട്ടുവെച്ചു.
പാർട്ടിയെ മാത്രം ബാധിക്കുന്ന വിഷയങ്ങളെ പ്രധാന രാഷ്ട്രീയ അജൻഡയാക്കി മാറ്റുന്നത് ഒഴിവാക്കണമെന്നും, ജനകീയ വിഷയങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. എന്നാൽ, പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച ആവശ്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടും സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉന്നയിച്ചു.