നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലെ രാജാജിനഗർ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ മെട്രോ സർവീസ് താൽക്കാലികമായി തടസ്സപ്പെട്ടു. സ്റ്റേഷൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിൽ യുവതിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് 12.25ഓടെയായിരുന്നു സംഭവം. ട്രാക്കിലേക്ക് യുവതി ചാടിയ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ സ്റ്റേഷൻ കൺട്രോൾ റൂമിനെ വിവരം അറിയിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാർ യുവതിയെ സുരക്ഷിതമായി ട്രാക്കിൽ നിന്ന് പുറത്തെടുത്തു.

സംഭവത്തെ തുടർന്ന് ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകൾക്ക് ഏകദേശം 10 മിനിറ്റ് വൈകി. ട്രാക്ക് പൂർണമായും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഉച്ചയ്ക്ക് 12.34ഓടെ സർവീസുകൾ സാധാരണ നിലയിലാക്കിയത്. യുവതി നിലവിൽ സുരക്ഷിതയാണെന്ന് അധികൃതർ അറിയിച്ചു. ട്രാക്കിലേക്ക് ചാടാനുണ്ടായ കാരണം സംബന്ധിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, നമ്മ മെട്രോയിൽ സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്ക ഉയർത്തുകയാണ്. നേരത്തെ മജസ്റ്റിക്കിലെ നാദപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിലെ ഗ്രീൻ ലൈനിലും ഒരു ജീവനക്കാരൻ ട്രാക്കിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും മെട്രോ ജീവനക്കാരുടെ ഇടപെടലിൽ രക്ഷപ്പെടുത്തി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Related Posts