വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നടപടി. പൊടിയണിവിള സ്വദേശിനിയായ വിഘ്നേശ്വരി (27)യെ കഴിഞ്ഞ ദിവസമാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിലാഷ് മദ്യപിച്ച് എത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ വിഘ്നേശ്വരി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോണിലും ശാരീരിക പീഡനത്തിൻ്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
രണ്ടു ദിവസം മുൻപാണ് ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം കഴിഞ്ഞത്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ–കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയ അഭിലാഷിൻ്റെ പിതാവ് ചന്ദ്രൻ വീട് പൂട്ടിയ നിലയിൽ കണ്ടു. പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.