ഡിജിറ്റല്‍ സര്‍വകലാശാല വി.സി ഡോ: സിസാ തോമസിൻ്റെ തടഞ്ഞുവെച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാന്‍ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ജോണ്‍സന്‍ ജോണ്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്നും വിരമിച്ചു വര്‍ഷം പിന്നിട്ടിട്ടും അച്ചടക്ക നടപടി തുടരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യങ്ങള്‍ തടഞ്ഞു വെച്ചരിക്കുന്നത്.

സര്‍വകലാശാലയുടെ വിസി സ്ഥാനം ചാന്‍സലര്‍ നിര്‍ദേശിച്ച പ്രകാരം ഏറ്റെടുത്തതിൻ്റെ പേരില്‍ സാങ്കേതിക വകുപ്പ് ജോയിൻ്റ് ഡയറക്ടറും പ്രിന്‍സിപ്പലുമായിരുന്ന ഡോ: സിസയ്ക്ക് എതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അച്ചടക്ക നടപടി എടുക്കാനുള്ള ഉത്തരവുകള്‍ പൂര്‍ണ്ണമായും റദാക്കിയെങ്കിലും റിട്ടയര്‍ ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നില്ല.

സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഡിവിഷന്‍ ബെഞ്ചുത്തരവിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്തുവെങ്കിലും കോടതി സ്വീകരിച്ചില്ല. സിസാ കോടതി ഉത്തരവ് നടപ്പാക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെ തുടര്‍ന്ന് താത്കാലിക പെന്‍ഷന്‍ മാത്രം നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവ് നല്‍കി.

സാങ്കേതിക സര്‍വ്വകലാശാല വിസി ആയിരുന്നപ്പോള്‍ സിണ്ടിക്കേറ്റ് രേഖകള്‍ കടത്തി കൊണ്ട് പോയതായി പുതിയയൊരു ആരോപണം ഉന്നയിച്ച് അനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ വീണ്ടും കാലതാമസം വരുത്തി. ഇതോടെ സിസാ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമ സംവിധാനങ്ങളും അധികാരവും സര്‍ക്കാര്‍ അമിതമായി ഉപയോഗിക്കുന്നുവെന്നും, അത്തരത്തില്‍ സിസയെ മനഃപൂര്‍വം ദ്രോഹിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

മികച്ച ഒരു ഉദ്യോഗസ്ഥയെ ഇങ്ങനെ ദ്രോഹിക്കുന്നത് കണ്ടു നില്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു. വ്യക്തികളുടെ മൗലിക അവകാശം സംരക്ഷിക്കാനുള്ള കോടതിക്കുള്ള ബാധ്യതയും അധികാരം കൃത്യമായി ഉപയോഗിക്കേണ്ട സാഹചര്യം ഈ വിഷയത്തിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. പെന്‍ഷന്‍ തടഞ്ഞു വയ്ക്കാന്‍ വ്യക്തമായ യാതൊരു കാരണവും സര്‍ക്കാരിനില്ലെന്ന് കോടതി നിരീക്ഷിച്ചു.

Related Posts