മാതൃഭാഷയുടെ പരിപോഷണവും വ്യാപനവും ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കുന്നുവെന്ന അറിയിപ്പിൽ കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഔദ്യോഗിക ഭാഷയാക്കി സർക്കാർ ഇടപാടുകൾ പൂർണമായും മലയാളത്തിലാക്കുന്നത് തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ ബാധിക്കുമെന്ന വിമർശനമുയർത്തിയിരുന്നു.

അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവമാണ് ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബിൽ രാഷ്ട്രപതിക്ക് അയച്ചത്. ബിൽ പാസാക്കിയെങ്കിലും ഭരണമുന്നണിയിൽ നിന്നുതന്നെ അത് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ഹനിക്കുമെന്ന അഭിപ്രായമുയർന്നിരുന്നു. കേന്ദ്ര ഭാഷാനിയമത്തിന് വ്യവസ്ഥകൾ വിരുദ്ധമാണെന്ന് നിയമവകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു.

ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ഇതേത്തുടർന്നാണ് പരിമിതപ്പെടുത്തുന്നതാണോ ബില്ലെന്ന് പരിശോധിച്ച് തീരുമാനമെടുക്കാനാവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്.

ബിൽ രാഷ്ട്രപതിക്കുവേണ്ടി പരിശോധിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. സംസ്ഥാനസർക്കാർ 2024-ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നയിച്ച ചില സംശയങ്ങൾക്ക് വ്യക്തതവരുത്തിയിരുന്നു. എന്നാൽ, അനുമതി നിഷേധിക്കാനായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാർശ. ഗവർണറും രാഷ്ട്രപതിയും ബില്ലിൽ തീരുമാനമെടുക്കുന്നതിൽ വരുത്തുന്ന കാലതാമസത്തെ അടുത്തിടെ സുപ്രീംകോടതി വിമർശിക്കുകയും സമയപരിധി ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.

Related Posts