ബെംഗളൂരുവിലെ ഒരു ഡേ കെയറിൽ കുഞ്ഞുങ്ങൾക്കെതിരെ ജീവനക്കാർ നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ഐടി കമ്പനിയായ കേപ്ജെമിനിയുടെ എച്ച്എഎൽ ക്യാംപസിലുള്ള ഡേ കെയറിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
രണ്ടുവയസുവരെ പ്രായമുള്ള കുട്ടികളെയാണ് ജീവനക്കാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതെന്നാണ് പരാതി. കരയുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുക, ഫ്രണ്ട്-ലോഡിംഗ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് മുഖത്തേക്കും വായിലേക്കും വെള്ളം അടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഡേ കെയറിലുണ്ടായിരുന്ന പീഡനത്തിൻ്റെ വീഡിയോകൾ വാട്ട്സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടർന്ന് സംഭവം ചൈൽഡ് ഹെൽപ്ലൈനിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ്, ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.