നടി അൻസിബ ഹസൻ നൽകിയ വർഗീയ അധിക്ഷേപ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. പരാതിയിൽ കേസെടുക്കാനാകില്ലെന്ന കടവന്ത്ര പൊലീസിൻ്റെ മുൻ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി. സംഭവത്തിൽ ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിരുന്നില്ല. തുടർന്ന് അൻസിബ സ്വകാര്യ അന്യായ ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി, പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.
അതേസമയം, മുമ്പ് ടിനി ടോമിന് അനുകൂല റിപ്പോർട്ട് നൽകിയ അതേ പൊലീസ് സംഘമാണ് ഇനി കേസ് അന്വേഷിക്കുന്നതെന്നതിൽ ആശങ്കയുണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ പ്രതികരിച്ചു. അന്വേഷണം നിഷ്പക്ഷമായിരിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും, പൊലീസ് കുറ്റപത്രം സമർപ്പിച്ചാലും നിയമപരമായി തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന നിലപാടാണ് അൻസിബ സ്വീകരിച്ചിരിക്കുന്നതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ കടവന്ത്ര പൊലീസ് ടിനി ടോമിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടനയുടെ മുൻ പ്രസിഡന്റ് ശ്വേത മേനോൻ്റെയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പിൻ്റെയും മൊഴികളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.