വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ധനബില്ലിൻ്റെ കരട് പ്രസിദ്ധീകരിച്ചു. ബിൽ ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും. എന്നാൽ ബിൽ പാസായാലും പുതിയ ഇനം മദ്യം ഉടൻ വിപണിയിലെത്തില്ലെന്നും, വിൽപ്പനയ്ക്ക് എക്സൈസ് വകുപ്പിൻ്റെ പ്രത്യേക അനുമതി നിർബന്ധമാണെന്നും സർക്കാർ വ്യക്തമാക്കി.
മദ്യനയവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തിൽ ഘടകകക്ഷികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് സർക്കാർ കൂടുതൽ ആലോചനകൾക്ക് തയ്യാറായത്.
നികുതി ഘടനയിൽ ഉടൻ മാറ്റം നടപ്പാക്കേണ്ടതില്ലെന്ന നിലപാടാണ് നിലവിൽ സർക്കാരിനുള്ളതെന്നാണ് സൂചന. അതേസമയം, വിവാദം അവസാനിച്ചതായി കോൺഗ്രസ് നേതൃത്വവും എക്സൈസ് മന്ത്രിയും വിലയിരുത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.
ഇതിനിടെ, മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ സർക്കാരിൻ്റെ നിലപാടിനെതിരെ വീണ്ടും രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന തീരുമാനം പിൻവലിക്കണമെന്നും, ധനബില്ലിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തരുതെന്നും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.