സംസ്ഥാനത്ത് ലഹരി മാഫിയയെ പൂർണമായി തകർക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിൻ്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹരിപ്പാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലഹരി മാഫിയക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് സംസ്ഥാനത്ത് നടന്ന വൻ ലഹരി വേട്ടകൾ പ്രശ്നത്തിൻ്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കലർത്തിയ മിഠായികൾ നിർമ്മിച്ച് വിതരണം ചെയ്യാനിരുന്ന ഫാക്ടറി കാസർകോട് പൊലീസ് കണ്ടെത്തിയതും, ഒരാളിൽ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തതും വലിയ മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാത്രി മലപ്പുറം കൊണ്ടോട്ടിയിലെ ആക്കോട് മേഖലയിൽ നിന്ന് 780.59 ഗ്രാം എംഡിഎംഎ പിടികൂടിയതും ലഹരി വ്യാപനത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരി വിരുദ്ധ പോരാട്ടത്തിൽ മാധ്യമങ്ങൾ, പൊതുജനങ്ങൾ, യുവജന സംഘടനകൾ എന്നിവരുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഗുണ്ടകളെയും ലഹരി സംഘങ്ങളെയും ജനങ്ങൾ ഭയപ്പെട്ടിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവർക്കെതിരെ പ്രതികരിക്കുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ടെന്നും, പ്രത്യേകിച്ച് അമ്മമാരുടെ ശക്തമായ പിന്തുണ ഈ പ്രചാരണത്തിന് ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയക്കാരായാലും സിനിമാതാരങ്ങളായാലും സാമ്പത്തികമായി സ്വാധീനമുള്ളവരായാലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കൊച്ചിയിൽ ഓട്ടോറിക്ഷകളിലൂടെ ലഹരി വിതരണം നടക്കുന്നുവെന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് അവസാനിപ്പിക്കാത്തപക്ഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയുടെ കടത്ത് തടയാൻ കേന്ദ്ര ഏജൻസികളുമായി ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തിൻ്റെ അതിർത്തികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലെ പരിശോധന കർശനമാക്കിയതായും മന്ത്രി അറിയിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിജെ പാർട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയും നടപടികൾ ശക്തമാക്കും.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാർഥികളുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ കണ്ടെത്താൻ മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ലഭ്യമാക്കുമെന്നും, നിലവിൽ 15 പേരെ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ പ്രസ്ഥാനമാക്കുന്നതിനായി ‘തൂഫാൻ വാരിയേഴ്സ്’ എന്ന സന്നദ്ധസംഘം രൂപീകരിക്കുമെന്നും അതിൻ്റെ ആദ്യ അംഗമായി നടൻ മോഹൻലാൽ ചേരുന്നുവെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഓരോ പൗരനെയും ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഓരോ പൊലീസ് സ്റ്റേഷനുകളിലും നാർക്കോട്ടിക് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗങ്ങളും ഡാൻസാഫ് ടീമുകളും പ്രവർത്തിക്കുന്നുണ്ടെന്നും, ലഹരി വേട്ടയ്ക്കായി പ്രത്യേക ‘തൂഫാൻ’ വാഹനങ്ങളും നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും, വിവരശേഖരണത്തിനായി പൊലീസ് ആസ്ഥാനത്ത് മൂന്ന് പ്രത്യേക ടീമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Posts