എറണാകുളം പെരുമ്പാവൂർ മാറമ്പിള്ളിയിൽ വൻ ലഹരിവേട്ട. ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ പ്രതിയുടെ സ്കൂട്ടറിൽ നിന്ന് ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ കൂടി പിടിച്ചെടുത്തു.
സംഭവത്തിന് ഒരാഴ്ച മുൻപാണ് ആയുഷ് ഫ്ലാറ്റിൽ താമസം ആരംഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലഹരിവസ്തുവിൻ്റെ അളവും വിപണിമൂല്യവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടകളിലൊന്നാണിതെന്ന് പൊലീസ് അറിയിച്ചു.
പ്രത്യേക ശ്രദ്ധേയമായ കാര്യം, പ്രതി താമസിച്ചിരുന്ന അതേ ഫ്ലാറ്റ് സമുച്ചയത്തിലാണ് പെരുമ്പാവൂർ എഎസ്പിയും താമസിക്കുന്നതെന്നതാണ്. ലഹരിമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.