മലപ്പുറം തിരൂരിൽ ലഹരിയുടെ സ്വാധീനത്തിൽ സ്വന്തം കുഞ്ഞിൻ്റെ ജീവൻ അപകടത്തിലാക്കി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്രങ്ങോട് കൈനിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാവാണ് പിടിയിലായത്.

ഭാര്യ മൂത്ത കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ടുവരാൻ പോയ സമയത്ത് ഒരു വയസിൽ താഴെ പ്രായമുള്ള കുഞ്ഞുമായി പുറത്തിറങ്ങിയ ഇയാൾ, കടുത്ത ലഹരിയിലായിരിക്കെ കുഞ്ഞിനെ വായുവിലേയ്ക്ക് ഉയർത്തിയെറിഞ്ഞും പിടിച്ചും അപകടകരമായ രീതിയിൽ പെരുമാറുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഇടപെട്ട് യുവാവിനെ തടഞ്ഞു. കുഞ്ഞിനെ സുരക്ഷിതനാക്കിയ ശേഷം തിരൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

പ്രതി ലഹരിമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നയാളാണെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചു. സംഭവത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts