അഫ്‌ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ 170 റൺസിൻ്റെ വമ്പൻ ജയം സ്വന്തമാക്കിയതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി കിരീടം ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസിന് പുറത്തായി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെ യും വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ്റെ യും തകർപ്പൻ സെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയായത്. ഗിൽ 154 റൺസും കിഷൻ 125 റൺസും നേടി. രോഹിത് ശർമയും നിർണായക സംഭാവന നൽകി ഇന്ത്യയെ 400 കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.

403 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്‌ഗാനിസ്ഥാന് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 44.3 ഓവറിൽ 232 റൺസിന് അവർ എല്ലാവരും പുറത്തായി. റഹ്മത് ഷായുടെ 79 റൺസും സെദിക്കുള്ള അറ്റലിൻ്റെ 42 റൺസും റഹ്മാനുള്ള ഗുർബാസിൻ്റെ 41 റൺസും മാത്രമാണ് അഫ്ഗാൻ നിരയിൽ ശ്രദ്ധേയമായത്.

ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും ഗുർണൂർ ബ്രാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പ്രിൻസ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.

അഫ്‌ഗാനിസ്ഥാൻ്റെ ബൗളിങ്ങിൽ നംഗെയാലി ഖറോട്ടി നാല് വിക്കറ്റുമായി തിളങ്ങിയപ്പോൾ റാഷിദ് ഖാൻ മൂന്ന് വിക്കറ്റും എ.എം. ഗസൻഫറും മുഹമ്മദ് സലീം സഫിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച നടക്കും.

Related Posts