ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മര്‍ദ്ദനം നടത്തിയെന്ന പരാതിയില്‍ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി രൂപീകരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്‍ ഗണ്‍മാനായിരുന്ന അനില്‍ കുമാറിൻ്റെ പങ്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ശക്തമാകുന്നത്. കേസില്‍ ഇ.പി. ജയരാജനെതിരെ നടപടിയില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസ് എഴുതി തള്ളാനാകില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോടതിയുടെ ഈ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ പൊലീസ് തീരുമാനിച്ചത്. വിമാനത്തിനുള്ളില്‍ നടന്നതായി ആരോപിക്കുന്ന സംഭവത്തിൻ്റെ എല്ലാ വശങ്ങളും എസ്‌ഐടി പരിശോധിക്കും.

Related Posts