നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിൻ്റെ മേൽക്കൂര തകർന്നു. നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെ 8.30 നാണ് അപകടം നടന്നത്. അപകടത്തിൽ വീട്ടുടമയ്ക്ക് പരുക്കേറ്റു.
ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ. ജെ.യുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് സൈമണും ഭാര്യയും വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. അപകടത്തിൽ വീട്ടുടമസ്ഥൻ്റെ തോളിന് പരുക്കേറ്റു.
വിമാനം ലാൻഡ് ചെയ്യാനായി പതിവിലും താഴെയായി പറന്നതോടെ ഉണ്ടായ അതിശക്തമായ കാറ്റിൽ മേൽക്കൂരയിലെ ഓടുകൾ കൂട്ടത്തോടെ ഇളകി വീഴുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ പരാതി. ഓടി മാറാൻ ശ്രമിക്കുന്നതിനിടെയാണ് സൈമണിൻ്റെ തോളിന് മുകളിൽ ഓട് വീണ് പരുക്കേൽക്കുന്നത്. സംഭവം ഉടൻ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അധികൃതരെ അറിയിച്ചതായി കുടുംബം വ്യക്തമാക്കി.