കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മറ്റന്നാൾ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.