ദില്ലിയിൽ കോളേജ് അധ്യാപികയെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദില്ലി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദേവോസ്മിതയുടെ തലയിൽ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റതിൻ്റെ ആഴത്തിലുള്ള മുറിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു.
വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ അധ്യാപിക തനിച്ചായിരുന്നു താമസം. ഭർത്താവ് ബെംഗളൂരുവിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് ദില്ലിയിലെ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വരുന്നത്. ദേവോസ്മിതയുടെ സഹോദരിയായ ദേവാരതി പോൾ ആണ് തൻ്റെ സഹോദരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. കൂടാതെ ഫോൺ വിളിച്ചിട്ടും എടുത്തില്ല.
ഇതേത്തുടർന്ന് എന്തോ അപകടം സംഭവിച്ചതായി ഭയം തോന്നി ഫ്ലാറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ദേവാരതി മൊഴി നൽകി. സംഭവത്തിൽ ബിഎൻഎസിലെ 103 (1) വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു കവർച്ചാ ശ്രമമല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.