തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡണ്ട് ലക്ഷ്മി പ്രിയ നൽകിയ വ്യാജ പരാതിയുടെ പേരിൽ സ്റ്റേഷനിൽ വെച്ച് തനിക്ക് കൊടിയ മാനസിക പീഡനം നേരിടേണ്ടി വന്നതായും ഇതിനെതിരെ ആഭ്യന്തരമന്ത്രിയെ കണ്ട് പരാതി നൽകുമെന്നും താരം വ്യക്തമാക്കി. തൃപ്പൂണിത്തുറ എസ്.ഐ രേഷ്മയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമെതിരെ അൻസിബ ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും നേരത്തെ പരാതി നൽകിയിരുന്നു.

എസ്.ഐയുടെ മുന്നിൽ വെച്ച് ലക്ഷ്മി പ്രിയ തന്നെ പരസ്യമായി തെറിവിളിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥ അത് തടയാതെ മൗനം പാലിക്കുകയായിരുന്നുവെന്നും അൻസിബ പരാതിയിൽ പറയുന്നു. തനിക്ക് ലഭിക്കേണ്ട യാതൊരു മാനുഷിക പരിഗണനയും പൊലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് അൻസിബ ആരോപിക്കുന്നു. വനിതാ സ്റ്റേഷനിൽ വെച്ച് തന്നെ മൂന്ന് മണിക്കൂറോളം വ്യക്തിഹത്യ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം മാപ്പപേക്ഷ എഴുതി വാങ്ങിയെന്നാണ് അൻസിബയുടെ പ്രധാന ആരോപണം. താൻ ഒപ്പിട്ടു നൽകിയ പേപ്പറിൽ എസ്.ഐ സ്വന്തം ഇഷ്ടപ്രകാരം വരികൾ കൂട്ടിച്ചേർത്ത് ഔദ്യോഗിക രേഖകളിൽ തിരുത്തൽ വരുത്തിയതായും താരം വെളിപ്പെടുത്തി. തൃപ്പൂണിത്തുറ വനിതാ എസ്.ഐ പരാതിക്കാരിയായ ലക്ഷ്മി പ്രിയയുമായി ഒത്തുകളിച്ചാണ് തനിക്കെതിരെ നീങ്ങിയതെന്നും അൻസിബ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നടി ആഭ്യന്തരമന്ത്രിയെ കാണാനൊരുങ്ങുന്നത്.

Related Posts