വലിയ രാഷ്ട്രീയ ആകാംക്ഷകൾക്കൊടുവിൽ വി.ഡി. സതീശൻ സർക്കാരിൻ്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സഭയിൽ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ വികസന-ക്ഷേമ മേഖലകളിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചത്. സംസ്ഥാനത്തിൻ്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ‘സാമ്പത്തിക ധവളപത്രം’ പുറത്തിറക്കുമെന്നതാണ് ഏറ്റവും പ്രധാന പ്രഖ്യാപനം. അഴിമതിരഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പുനൽകിയ പ്രസംഗത്തിൽ, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയും പങ്കുവെച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും. ഉന്നതവിദ്യഭ്യാസ മേഖലയെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റും. റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ബൃഹത്തായ ‘സംയോജിത ഗതാഗത പദ്ധതി’ നടപ്പാക്കും. യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. ഇതിൻ്റെ ആദ്യപടിയായി ‘വയോജന വകുപ്പ്’ രൂപീകരിക്കാൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പ്രഖ്യാപിച്ചു. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. സുഗന്ധവ്യഞ്ജന പാർക്കുകൾ സ്ഥാപിക്കുന്നതിനൊപ്പം മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനമൊരുക്കും. വന്യജീവി ആക്രമണം തടയാൻ മനുഷ്യ-മൃഗ സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകും.
സിനിമാ തിയേറ്റർ മേഖലയ്ക്ക് പ്രത്യേക പ്രോത്സാഹനം നൽകും. അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK) സംസ്ഥാനത്തെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. തീർത്ഥാടന ടൂറിസത്തിന് പുതിയ പദ്ധതികൾ കൊണ്ടുവരും. കേന്ദ്ര സർക്കാരുമായി പരമാവധി സഹകരിച്ചു മുന്നോട്ടുപോകുമെന്നും സംസ്ഥാനത്തിന് അർഹമായ പിന്തുണ കേന്ദ്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതായും നയപ്രഖ്യാപനത്തിൽ പറയുന്നു. അഴിമതി തുടച്ചുനീക്കാൻ ഉദ്യോഗസ്ഥ തലത്തിൽ കാര്യക്ഷമത ഉറപ്പാക്കും. കൂടാതെ, സംസ്ഥാനത്തെ പുതിയ എക്സൈസ് നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.