കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചതിനു പിന്നാലെ ഭർത്താവും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.

പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിയായ ഭാര്യ സോന മെയ് 15നാണ് മരിച്ചത്. കാറിന് തീപിടിച്ചതില്‍ രജിന്‍ലാലിന് പങ്കില്ലെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. സോന കാർ കത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പറയുന്നു.

ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ കാണിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. എടോളിത്താഴെ എത്തിയപ്പോൾ പെട്ടെന്നു കാർ കത്തുകയായിരുന്നു. ഈ സമയത്ത് സോന കാറിൻ്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നു.

Related Posts