മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി ഡി സതീശന് എല്ലാവിധ ആശംസകളും നേർന്ന് രമേശ് ചെന്നിത്തല. ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന് എല്ലാവിധ ആശംസകൾ നേരുന്നുവെന്നും പറഞ്ഞത്. മുഖ്യമന്ത്രി പദവിയിലേക്ക് അവസാനവട്ട ചർച്ചകളിൽവരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ ചെന്നിത്തലയ്ക്ക് സുപ്രധാന സ്ഥാനം ഉറപ്പാണ്. സ്വീകരിക്കാൻ അദ്ദേഹം തയ്യാറാകുമോ എന്നതാണ് പ്രധാനം.

‘കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും യുഡിഎഫ് പ്രവർത്തകരുടെയും പൂർണ പിന്തുണ വി ഡി സതീശനുണ്ടാകും. പത്തുവർഷക്കാലത്തെ ഇടത് ഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ളത്. മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്’- ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി പദത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തി നേരത്തെ രമേശ് ചെന്നിത്തല പ്രകടിപ്പിച്ചിരുന്നു. അസംതൃപ്തി രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. പാർലമെൻ്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ വി ഡി സതീശനെ പിന്തുണച്ച് കത്തു നൽകിയിരുന്നു.

Related Posts