കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. കെപിസിസി മുൻ അധ്യക്ഷന്മാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും ചർച്ചയ്ക്കായി ഡൽഹിക്കു വിളിപ്പിച്ചു. കെപിസിസി മുൻ അധ്യക്ഷന്മാരും വർക്കിംഗ് പ്രസിഡണ്ടുമാരും അടക്കമുള്ള മുതിർന്ന നേതാക്കളുമായി കോണ്ഗ്രസ് ഹൈക്കമാൻഡ് ഇന്നു നടത്തുന്ന ചർച്ചകളെത്തുടർന്ന് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രഖ്യാപനം നടത്തുമെന്ന് എഐസിസി കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഡൽഹിയിൽ ഇന്നു മുതിർന്ന നേതാക്കളുമായി കോണ്ഗ്രസ് ഹൈക്കമാൻഡിന്റെ ചർച്ച. മന്ത്രിസഭയിലെ പ്രാതിനിധ്യവും വി.ഡി. സതീശന് അനുകൂലമായി കേരളത്തിലുണ്ടായ പൊതുവികാരവും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയുടെ സാധ്യതകളുമെല്ലാം കണക്കിലെടുത്തുള്ള സമവായവും യുഡിഎഫ് ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കുന്നതും പുതിയ മന്ത്രിസഭയ്ക്ക് അനുകൂലമായ സാഹചര്യം വളർത്തിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഇന്നത്തെ ചർച്ചകളിൽ ഉയർന്നേക്കും. കോണ്ഗ്രസ് പ്രസിഡന്ണ്ട് മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും നേരിട്ടുതന്നെ കേരള നേതാക്കളുമായി ആശയവിനിമയം നടത്തും.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് ജനാധിപത്യപരമായാണു തീരുമാനങ്ങളെടുക്കുകയെന്നു ഉന്നത നേതാവ് വിശദീകരിച്ചു. കേരളത്തിലെ സാഹചര്യങ്ങൾ വിശദമായി നിരീക്ഷകരും ഹൈക്കമാൻഡും വിലയിരുത്തിയിട്ടുണ്ടെന്നും പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങുമെന്നും നേതാവ് അവകാശപ്പെട്ടു. ഡൽഹിക്കു വിളിപ്പിച്ച കെപിസിസി മുൻ അധ്യക്ഷന്മാരും വർക്കിംഗ് പ്രസിഡന്റുമാരും അടക്കമുള്ള മുതിർന്ന നേതാക്കളുമായി കോണ്ഗ്രസ് ഹൈക്കമാൻഡ് ഇന്നു നടത്തുന്ന ചർച്ചകളെത്തുടർന്ന് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി പ്രഖ്യാപനം നടത്തുമെന്ന് എഐസിസി കേന്ദ്രങ്ങൾ സൂചിപ്പിച്ചു.