രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് വിമുഖത കാണിച്ച് ഇസ്രായേൽ. മുഴുവൻ ബന്ദികളെയും ഹമാസ് കൈമാറണമെന്നാവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തൽ കരാർപ്രകാരം മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്നുണ്ടാകും.
ട്രംപിൻ്റെ ഗസ്സ പദ്ധതിക്ക് ബദൽ നിർദേശം സമർപ്പിക്കാനൊരുങ്ങി അറബ് രാജ്യങ്ങൾ. എല്ലാ ബന്ദികളെയും കൈമാറാൻ ഹമാസ് തയാറാകണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ബന്ദികളോടുള്ള ഹമാസ് പെരുമാറ്റം തികച്ചും മോശമാണെന്നും ട്രംപ് പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെ എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇന്ന് കാലത്ത് പ്രാദേശിക സമയം ഒമ്പതരയക്ക് കരാർ പ്രകാരം മൂന്ന് ബന്ദികളെ കൈമാറാനാണ് ഹമാസ് തീരുമാനം.
ഇവരുടെ പേരുവിവരങ്ങളും ഹമാസ് പുറത്തുവിട്ടു. ഇതിന് ആനുപാതികമായി ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ച കൂടി കാത്തിരുന്നു മാത്രം മതി തുടർ നടപടികൾ എന്നാണ് പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ തീരുമാനമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.