ഒമാൻ തീരത്തിന് സമീപം മുങ്ങിത്താഴാൻ തുടങ്ങിയ ചരക്കുകപ്പലിൽ നിന്ന് 14 ഇന്ത്യൻ ജീവനക്കാരെ യുഎസ് നാവികസേനയും വാണിജ്യക്കപ്പലും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. എംഎസ്പി വിരാട് 1 എന്ന കപ്പലിലുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതരായത്.
എൻജിൻ തകരാറിനെ തുടർന്നാണ് കപ്പൽ അപകടാവസ്ഥയിലായതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് എംബസി പുറത്തുവിട്ടത്.
ഞായറാഴ്ച രാവിലെ ഒമാനിലെ റാസ് അൽ ഹദ്ദിന് കിഴക്കായി ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. അപകടവിവരം ആദ്യം ഇന്ത്യൻ നാവികസേനയെ അറിയിച്ചത് അമേരിക്കൻ നാവികസേനയാണ്.
തുടർന്ന് അമേരിക്കൻ നാവികസേനയുടെ പി-8 നിരീക്ഷണ വിമാനവും ജബൽ അലി 9 എന്ന വാണിജ്യക്കപ്പലും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ലൈഫ് റാഫ്റ്റിലേക്ക് മാറ്റിയ ശേഷം ജബൽ അലി 9 കപ്പലിലേക്ക് സുരക്ഷിതമായി കയറ്റുകയായിരുന്നു.
അപകടത്തിൽപ്പെട്ട കപ്പലിലുണ്ടായിരുന്ന 14 പേരും ഇന്ത്യൻ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.