യു.എ.ഇയിൽ വേനൽക്കാല ഉച്ചവിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണിവരെ തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് തൊഴിൽ മന്ത്രാലയം വിലക്കേർപ്പെടുത്തി. സെപ്റ്റംബർ 15 വരെ നീളുന്ന മൂന്ന് മാസക്കാലയളവിലാണ് നിയന്ത്രണം ബാധകമാകുക.

തൊഴിലാളികളെ അതിശക്തമായ ചൂടിൽ നിന്ന് സംരക്ഷിക്കുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് നിയമം നടപ്പാക്കുന്നത്. തുടർച്ചയായ 22-ാം വർഷമാണ് യു.എ.ഇ ഈ പദ്ധതി നടപ്പിലാക്കുന്നത്.

നിയമപ്രകാരം തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സൗകര്യങ്ങൾ ഒരുക്കുകയും ആവശ്യമായ കുടിവെള്ളവും തണുപ്പിക്കൽ സംവിധാനങ്ങളും ലഭ്യമാക്കുകയും ചെയ്യേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്. ഫാനുകൾ ഉൾപ്പെടെയുള്ള കൂളിംഗ് സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കാനാകാത്ത ചില ജോലികൾക്ക് നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ പോലുള്ള നിർണായക പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനത്തിന് 50,000 ദിർഹം വരെ പിഴ ചുമത്താനാകും. കഴിഞ്ഞ വർഷം 99 ശതമാനം തൊഴിലുടമകളും നിയമം കൃത്യമായി പാലിച്ചതായും അധികൃതർ അറിയിച്ചു.

Related Posts