മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ചുമതല എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷിയോഗം പാസാക്കി. കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒറ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്താങ്ങുകയായിരുന്നു. ഹൈക്കമാൻഡിൽ നിന്നുള്ള നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും യോഗത്തിനെത്തിയിരുന്നു.

ദീപാ ദാസ് മുൻഷിയും നിരീക്ഷകരും കോൺഗ്രസ് എം എൽ എമാരുമായി നടത്തുന്ന ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. ദീപാ ദാസ് മുൻഷിയെ കൂടിക്കാഴ്ചയിൽ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ സതീശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം. മണ്ഡലത്തിലെ ചില അത്യാവശ്യങ്ങൾക്കായി പോകേണ്ടതിനാൽ പുതുപ്പള്ളി നിയുക്ത എം എൽ എ ചാണ്ടി ഉമ്മൻ മൂവരുമായി കൂടിക്കാഴ്ച നടത്തി.

എംഎൽഎമാരുടെ അഭിപ്രായത്തിനു പുറമേ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും നിരീക്ഷകർ തേടും. തുടർന്ന് നിരീക്ഷകർ ഡൽഹിയിൽ എത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. മുഖ്യമന്ത്രി ആരെന്ന തീരുമാനം നീളുന്നതിനാൽ കോൺഗ്രസിലെ മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനവും വൈകിയേക്കുമെന്നാണ് വിവരം. അതിനാൽ മുഖ്യമന്ത്രിക്കൊപ്പം ഘടകകക്ഷി മന്ത്രിമാരാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.

Related Posts