കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അഥോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.