സഞ്ജു സാംസൻ്റെ സെഞ്ച്വറിയുടെ മികവിൽ മുംബൈക്കെതിരേ ചെന്നൈയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. തകർച്ച നേരിട്ട ചെന്നൈയെ സഞ്ജു സാംസണിൻ്റെ ബാറ്റിങ്ങാണ് രക്ഷിച്ചത്. സഞ്ജു സാംസൺ 54 പന്തിൽ നിന്നാണ് 101 റൺസെടുത്തത്. ഈ സീസൺ ഐപിഎല്ലിലെ സഞ്ജു സാംസൻ്റെ രണ്ടാം സെഞ്ചുറിയാണിത്.
സഞ്ജു സാംസണും നായകൻ ഋതുരാജ് ഗെയ്ക്വാദും ചേർന്ന് തകർപ്പൻ തുടക്കമായിരുന്നു നൽകിയത്. 14 പന്തിൽ നിന്ന് 22 റൺസെടുത്ത് ഗെയ്ക്വാദ് പുറത്തായി. സഞ്ജു വെടിക്കെട്ടോടെ കളം നിറയുന്നതാണ് പിന്നീട് കണ്ടത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. പിന്നീടിറങ്ങിയ സർഫറാസ് ഖാൻ(14) വേഗം പുറത്തായെങ്കിലും സഞ്ജു ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആറോവറിൽ ടീം 73 റൺസിലെത്തി.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു സാംസൺ മറുവശത്ത് മികച്ച ഫോമിലായിരുന്നു. ശിവം ദുബെ വെറും അഞ്ച് റൺസെടുത്ത് പുറത്തായി. ഡെവാൾഡ് ബ്രവിസിനൊപ്പം സഞ്ജു ചെന്നൈ സ്കോർ നൂറുകടത്തി. പത്തോവറിൽ 111-3 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സഞ്ജുവിൻ്റെ ഫിഫ്റ്റിയെത്തി. സഞ്ജു 26 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ചത്. ബ്രവിസ് 21 റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ കാർത്തിക് ശർമയുമൊത്താണ് സഞ്ജു പിന്നീട് സ്കോർ ഉയർത്തിയത്. സിക്സറും ഫോറുകളുമായി മുംബൈ ബൗളർമാരെ സഞ്ജു തകർത്തടിച്ചു. 15 ഓവറിൽ 149-4 എന്ന നിലയിലായിരുന്നു ചെന്നൈ. ഇന്നിങ്സിൻ്റെ അവസാന പന്തിലാണ് സഞ്ജു സെഞ്ച്വറി തികച്ചത്.