കൊച്ചി കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്രസര്‍ക്കാര്‍. തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തിലാണ് അന്വേഷണ കമ്മിഷൻ രൂപീകരിച്ചത്. ഇതിനായി കേന്ദ്ര എം എസ് എം ഇ (മൈക്രോ, സ്മോൾ ആൻഡ് മീഡിയം എൻ്റർപ്രൈസസ്) മന്ത്രാലയം ആണ് രൂപീകരിച്ചത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
കൊച്ചി ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ സെക്ഷൻ ഓഫീസർ ആയ വെണ്ണല ചളിക്കവട്ടം പയ്യപ്പളിവീട്ടിൽ ജോളി മധു (56)വാണ് മരിച്ചത്. ക്യാൻസർ അതിജീവിതയായിരുന്നു. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ജനുവരി 31 മുതൽ അമൃത ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു.
ബോർഡിലെ മുൻ സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയും രണ്ടു വിജിലൻസ് കേസുകളിൽ പ്രതിയാക്കുകയും ചെയ്തതാണ് ജോളി രോഗിയാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്കുൾപ്പെടെ പരാതികൾ നൽകിയെങ്കിലും അനുകൂല നടപടികളുണ്ടായില്ലെന്ന് സഹോദരൻ എബ്രഹാം പറഞ്ഞു.
പദ്ധതികളിലും ഇടപാടുകളിലും അഴിമതിയും ക്രമക്കേടുകളും ജോളി കണ്ടെത്തി ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ആന്ധ്രപ്രദേശിലേക്ക് സ്ഥലം മാറ്റിയപ്പോൾ ക്യാൻസർ ബാധിച്ചത് കാണിച്ച് കഴിഞ്ഞ ഒക്ടോബറിൽ അവധിക്ക് അപേക്ഷിച്ചെങ്കിലും നിരസിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ബോർഡ് മെഡിക്കൽ അവധി നൽകിയ ശേഷമാണ് അവധി അനുവദിച്ചത്. തുടർന്ന് സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും സെക്രട്ടറി ഉൾപ്പെടെയുള്ളവരോട് മാപ്പു പറഞ്ഞില്ലെങ്കിൽ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിൻ്റെ സമ്മർദ്ദമാണ് തലച്ചോറിൽ രക്തസ്രാവത്തിനു കാരണമെന്ന് എബ്രഹാം ആരോപിക്കുന്നു.