വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചതെന്ന് പോലീസ് പറഞ്ഞു, സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിനു ശേഷം ആക്രമണം തുടരുകയായിരുന്നു.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. ഷാൻ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാർ ബാറിൽ വച്ച് തർക്കമുണ്ടായി. ഇതിൽ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പോലീസ് പറയുന്നത്. സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.