കുന്ദലഹള്ളി കേരളസമാജം ദേശീയ വനിതാദിനം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. സമാജത്തിൻ്റെ വനിതാവിഭാഗമായ ‘സുരഭി’യുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൻ്റെ സെക്രട്ടറി ഹിത വേണുഗോപാൽ, അംഗപരിമിതരുടെ സംഘടനയായ ERG യുടെ സ്ഥാപകയും അതിലെ പ്രധാനപ്രവർത്തകയുമായ പ്രിയങ്ക അഗർവാൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിലും സ്ത്രീസമത്വ വിഷയങ്ങളിലും സജീവമായി ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഹിത ശ്രദ്ധേയമായ ചില പരിഭാഷകൾ മലയാളത്തിലേക്ക് നടത്തിയിട്ടുണ്ട്. തനിക്കുള്ള കാഴ്ചപരിമിതിയെ മറികടന്ന് ജോലിസ്ഥലങ്ങളിലും സമൂഹങ്ങളിലും പല നേട്ടങ്ങളും സ്വന്തമാക്കിയ, അംഗപരിമിതർക്കായി പല ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് പ്രിയങ്ക അഗർവാളിൻ്റെത്.
കുന്ദലഹള്ളി കേരളം സമാജം വൈസ് പ്രസിഡണ്ട് ശാന്ത എൻ കെ ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. സമാജത്തിൻ്റെ വനിതാവിഭാഗമായ ‘സുരഭി’യുടെ സാരഥി അഞ്ജു ചന്ദ്രൻ പരിപാടികൾക്ക് നേതൃത്വം വഹിക്കുകയും ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ലക്ഷ്മി മഹേഷ് അവതാരകയായി. പ്രവർത്തകസമിതി അംഗങ്ങളും സമാജം അംഗങ്ങളും അടങ്ങിയ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് സമാജത്തിലെ കുട്ടികളും മുതിർന്നവരും ചേർന്ന നടത്തിയ കലാപരിപാടികൾ ചടങ്ങിലെ മുഖ്യആകർഷണമായി മാറി. പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും സമ്മാനങ്ങളും വിതരണം ചെയ്തു. ശനിയാഴ്ച വൈകുന്നേരം നാലുമണിക് ആരംഭിച്ച പരിപാടികൾ ഏഴര വരെ നീണ്ടുനിന്നു.