പത്തനംതിട്ടയിലെ ആളുമാറിയുള്ള ആക്രമണം നടത്തിയതിൽ എസ്.ഐ. അടക്കം മൂന്ന് പോലീസുകാര്‍ക്ക് സസ്പെൻഷൻ. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ ആളുമാറി മര്‍ദിച്ച സംഭവത്തിലാണ് പോലീസുകാര്‍ക്ക് സസ്പെൻഷൻ.
പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. എസ്.ജിനുവിനും മറ്റ് രണ്ട് പോലീസുകാര്‍ക്കുമാണ് സസ്പെൻഷൻ കിട്ടിയത്. ഡിഐജി അജിതാ ബീഗമാണ് സസ്പെൻഡ് ചെയ്തത്. ജിനുവിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐ ജിനുവും സംഘവും ആളു മാറിയാണ് കുടുംബത്തെ തല്ലിയതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്.ഐ. എസ്.ജിനുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓടിച്ചിട്ടടിച്ചെന്നും നിലത്തുവീണിട്ടും മര്‍ദിച്ചെന്നുമാണ് പരാതി. ചൊവ്വാഴ്ച രാത്രി 11.30 ഓടെ പത്തനംതിട്ട കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.