നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും കോൺഗ്രസ് പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നത്. ഇടതുപക്ഷം മധുസൂദനനെ തന്നെ പയ്യന്നൂരിൽ നിന്ന് മത്സരിപ്പിക്കുന്നതിന് വേണ്ടിയുള്ള തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെ വരുമ്പോൾ എന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ല. അതിനാൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു.’ വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.