റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്നുവീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പടിഞ്ഞാറൻ ബെംഗളൂരു അന്നപൂർണേശ്വരിനഗറിലെ സ്കൂൾ വിദ്യാർഥിയായ എച്ച്.നിഷാന്താണ് (15) മരിച്ചത്. സിവിൽ കോൺട്രാക്ടർ ഹർഷയുടെ മൂത്തമകനാണ് നിഷാന്ത്.
പഴയ കെട്ടിടത്തിൽ റീൽ ചിത്രീകരിക്കാൻ നിഷാന്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തുകയായിരുന്നു. 20 വർഷമായി കെട്ടിടം നിയമപ്രശ്നം കാരണം ഒഴിഞ്ഞുകിടന്ന കെട്ടിടത്തിനുള്ളിൽ കയറിയ നിഷാന്ത് ചുമരിൽക്കയറി ഷീറ്റിട്ട മേൽക്കൂരയിലെത്തി. ഷീറ്റിലൂടെ നടക്കരുതെന്ന് സുഹൃത്തുകൾ പറഞ്ഞെങ്കിലും വിദ്യാർഥി മുന്നോട്ടുനീങ്ങി. ഉടൻ ഷീറ്റുതകർന്ന് 40 അടി താഴേക്കുവീഴുകയായിരുന്നു. വീഴ്ചയിൽ നിഷാന്തിൻ്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അന്നപൂർണേശ്വരി നഗർ പോലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.