ദസറയുടെ നിറവിൽ മൈസൂരു നഗരം. ആയിരക്കണക്കിന് ആളുകൾ ദസറ നഗരിയായ മൈസൂരുവിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. മൈസൂരുവിലേക്ക് ഇനിയുള്ള ദിവസങ്ങളിൽ മലയാളികളടക്കമുള്ള സഞ്ചാരികളുടെ വൻ ഒഴുക്കായിരുക്കും.

നഗരം പൂർണമായും ഇപ്പോൾ ദീപാലംകൃതമാണ്. ഭക്ഷ്യമേള, പുഷ്പമേള എന്നിവിടങ്ങളിൽ ദസറയുടെ ആദ്യദിനങ്ങളിൽ സഞ്ചാരികൾ ഒഴുകിയെത്തി. കഴിഞ്ഞ ദിവസം കൊട്ടാര അങ്കണത്തിൽ നടന്ന സംഗീതനിശ ശ്രവിക്കാനും നിരവധിപേർ എത്തിയിരുന്നു. ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡൻ, കുപ്പണ്ണ പാർക്ക് എന്നിവിടങ്ങളിലെ പുഷ്പോത്സവവും ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾ ഒട്ടേറെയാണ്. 40,000-ത്തിലധികം പൂച്ചട്ടികളിലായി 450-ലധികം ഇനം പുഷ്പങ്ങളാണ് ലിംഗാംബുധിയിൽ കാഴ്ചയ്ക്ക് വിരുന്നൊരുക്കുന്നത്.

27-മുതൽ മൈസൂരു നഗരത്തിൽ ജനസാഗരമായിരിക്കും. അന്നേ ദിവസം ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ എയർഷോ ഉണ്ടായിരിക്കും. വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് എയർഷോ. ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമാണ് എയർഷോ അവതരിപ്പിക്കുന്നത്. പാലസിന് എതിർവശത്തുള്ള ദസറ എക്സിബിഷൻ ദിവസവും വൈകീട്ട് മൂന്നുമുതൽ രാത്രി പത്തുവരെയാണ്. ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ ആഘോഷങ്ങൾ സമാപിക്കും. 2ന് ജംബുസവാരി ഘോഷയാത്രയോടെയാണ് 11 ദിവസത്തെ ദസറ ആഘോഷങ്ങൾക്ക് പരിസമാപ്തിയാവും. 2ന് വൈകുന്നേരം ഗജവീരനായ അഭിമന്യു, ചാമുണ്ഡേശ്വരിദേവിയുടെ വിഗ്രഹം പേറുന്ന സ്വർണസിംഹാസനം വഹിച്ച് ഘോഷയാത്രയുടെ മുന്നിലുണ്ടാകും.

Related Posts