മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർണായക മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിലാണ് മൊഴി നൽകിയത്. കടകംപളിയാണ് അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് എന്നാണ് പോറ്റിയുടെ മൊഴി.
ഗോവർദ്ധൻ, രമേശ് റാവു എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകിയത് കടകംപള്ളിയാണെന്നും പോറ്റി പറഞ്ഞു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. സ്പോൺസർമാരുടെ മൊഴിയിലും കടകംപള്ളിയെ പരിചപ്പെട്ട കാര്യം പറയുന്നു.
കടകംപളി സുരേന്ദ്രൻ തന്നെ കളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ഡിജിപിയ്ക്ക് പരാതി നൽകി. അടുത്തിടെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നും പോറ്റി ആരോപിച്ചു.
ശബരിമല സ്വർണകൊള്ള കേസിൽ താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപളി ശ്രമിക്കുകയാണെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും പോറ്റി ആവശ്യപ്പെടുന്നു. എന്നാൽ താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപളി സുരേന്ദ്രൻ എംഎൽഎ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചരണമാണ് നടക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത് സത്യമല്ലെന്നും കടകംപളി സുരേന്ദ്രൻ വ്യക്തമാക്കി. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.